അയര്‍ലണ്ടില്‍ ‘നേരത്തേ വയസ്സാകു’ന്നവരേറുന്നു….

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ‘നേരത്തേ വയസ്സാകു’ന്നവരേറുന്നു!.65 വയസ്സിനുതാഴെ പ്രായമുള്ള 1222 പേരാണ് മുതിര്‍ന്നവര്‍ക്കുള്ള നഴ്‌സിംഗ് ഹോമുകളില്‍ അവശനിലയില്‍ കഴിയുന്നതത്രെ.വികസിത രാജ്യങ്ങളിലെ കണക്കുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ അയര്‍ലണ്ട് ഇക്കാര്യത്തില്‍ മോശപ്പെട്ട പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത് എന്നാണു വിദഗ്ദര്‍ പറയുന്നത്.

. ഇവരില്‍ ഭൂരിപക്ഷം പേരും ശാരീരിക വൈകല്യമുള്ളവരാണ്.ഇവരുടെ ഇവിടുത്തെ ജീവിതം ദുരിതപൂര്‍ണമാണ്.താല്‍ക്കാലികമായി ഇവിടെയെത്തിപ്പെടുന്ന ഇക്കൂട്ടര്‍ ജീവിതകാലം മുഴുവന്‍ അവിടെ തളച്ചിടപ്പെടുകയാണ്. ശരിയായ പുനരധിവാസമോ മികച്ച പരിപാലനമോ ലഭിക്കാതെ വീടും വീട്ടുകാരും ഉപേക്ഷിച്ച അവസ്ഥയിലാണവര്‍.

ഫെയര്‍ ഡിയല്‍ നഴ്സിംഗ് ഹോംസ് പദ്ധതിയുടെ ഭാഗമായാണ് ഇവരെപ്പോലെയുള്ളവര്‍ ഇവിടെയെത്തിപ്പെട്ടത്.ചിലര്‍ പാര്‍ക്കിന്‍സണ്‍സോ ഡിമെന്‍ഷ്യയോ ഒക്കെ ബാധിച്ച് പ്രായമായ ആളുകളുടെ നിലയിലുള്ളവരാണ്.ഇവരില്‍ സ്വന്തം വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുമെന്ന് എച്എസ്ഇ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിനും വഴി തുറക്കുന്നില്ല. ആവശ്യത്തിനു വീടുകളില്ലാത്തതും വൈകല്യബാധിതരുടെ ജീവിതം ദുരിതം കൂട്ടുന്നു.വൈകല്യം ബാധിച്ച 4500 പേരാണ് സോഷ്യല്‍ ഹൗസിംഗ് ലിസ്റ്റില്‍ ഉള്ളത്.

ഡബ്ലിനിലെ ഒരു നഴ്സിംഗ് ഹോമില്‍ കഴിയുന്ന 45 കാരനായ മൈക്കിള്‍ മക് ഗീല്‍ 36ാമത്തെ വയസ്സില്‍ ഇവിടെയെത്തിയതാണ്. സംസാരവൈകല്യവും ചലനശേഷിക്കുറവുമാണ് ഇദ്ദേഹത്തെ ഇവിടെയെത്തിച്ചത്.ഇപ്പോള്‍ ഒമ്പതു വര്‍ഷമായി ഇവിടെ തുടരുന്നു.നോര്‍ത്ത് കൗണ്ടി ഡബ്ലിനില്‍ കുടുംബത്തോടൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം.ഇവിടെ നിന്നും പുറത്തുപോകാന്‍ കഴിയുമെന്ന നേരിയ പ്രതീക്ഷ പോലും ഇപ്പോള്‍ ഇദ്ദേഹത്തിനില്ല.ഒമ്പത് വര്‍ഷത്തെ ജീവിതം നഷ്ടമായെന്ന സങ്കടമാണ് മൈക്കിളിനുള്ളത്.

ഇവിടെ കഴിയുന്ന വൈകല്യബാധിതരെ അവരുടെ വീടുകളിലേക്കു മാറ്റുന്നതിന് സര്‍ക്കാരിന്റെ സത്വര ശ്രദ്ധയുണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.ഇതിനായി സാമ്പത്തിക സഹായവും മറ്റും സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

‘ശരിക്കും എത്ര പേര്‍ക്കാണ് നഴ്സിംഗ് ഹോമില്‍ കഴിയേണ്ട ആവശ്യമുള്ളത് എന്ന കണക്ക് ഒക്ടോബറോടെ പുറത്തുവരും.എച്എസ്ഇയുടെ ഡിസ്സബിലിറ്റി സര്‍വീസിന്റെ ലക്ഷ്യം വീടുകളിലെത്തിയുള്ള വ്യക്തിഗത പരിപാലനമാണ്.സര്‍ക്കാര്‍ ബജറ്റുകള്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തി പുനര്‍ നിര്‍വചിക്കണം’ എച്.എസ്ഇയുടെ ഡിസ്സബിലിറ്റി സര്‍വീസ് ചുമതല നിര്‍വഹിക്കുന്ന ഡോ.കാതല്‍ മോര്‍ഗന്‍ പറഞ്ഞു.അടിയന്തിരമായി ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഡിസ്സബിലിറ്റീസ് ഫെഡറേഷന്‍ സിഇഒ പറഞ്ഞു.ജീവിതത്തിന്റെ നല്ല സമയത്ത് പ്രായമായവര്‍ക്കുള്ള നഴ്സിംഗ് ഹോമില്‍ കഴിയേണ്ടി വരുന്ന ഇവര്‍ക്ക് ജീവിതത്തോടുതന്നെ നെഗറ്റീവ് സമീപനമാണ് ഉണ്ടാകുകയെന്ന് സെനറ്റര്‍ ജോണ്‍ ഡോലന്‍ ചൂണ്ടിക്കാട്ടി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *