ഡബ്ലിന്‍ : ബല്ലിമണില്‍ രണ്ടായിരം അപ്പാര്‍ട്മെന്റുകള്‍ക്ക് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ അനുമതി. ബല്ലിമണിനെ പുതുക്കിപ്പണിയുന്നതിനുള്ള ബ്രഹത് പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. തരിശായി കിടക്കുന്ന 34 ഹെക്ടര്‍ ഭൂമിയിലാകും ബല്ലിമണ്‍ പ്രാദേശിക ഏരിയാ പ്ലാന്‍ തയ്യാറാക്കുന്നത്.കൂടുതല്‍ ഭവനങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യ വികസനവും കൊണ്ടുവരുന്നതാണ് പദ്ധതി.ഷോപ്പിംഗ് സൗകര്യങ്ങള്‍, തൊഴിലവസരങ്ങളുമൊക്കെ പ്രദാനം ചെയ്യുന്ന പുതിയ പട്ടണമായി ബല്ലിമണിനെ മാറ്റിയെടുക്കാനാണ് ലക്ഷ്യം.
ഇല്ലായ്മകളിലും വല്ലായ്മകളിലും പെട്ടുഴന്നിരുന്ന ബല്ലിമണിനെ പുനസൃഷ്ടിക്കാന്‍ 1997ലാണ് സര്‍ക്കാര്‍ രംഗത്തുവന്നത്.അതിന്റെ ഭാഗമായി 1960കളില്‍ 15നിലകളിലായി നിര്‍മ്മിച്ച 2820ഫ്ളാറ്റുകളും ഇടിച്ചുനിരത്തി.അതിനു പകരമായി 2000 സോഷ്യല്‍ ഹോമുകളും 1350 പ്രൈവറ്റ് ഹോമുകളും നിര്‍മ്മിച്ചു.
പഴയ ബല്ലിമണ്‍ ഷോപ്പിംഗ് കോംപ്ലക്സിന്റെ സ്ഥാനത്ത് പുതിയൊരു ഷോപ്പിംഗ് സെന്റര്‍ കൗണ്‍സില്‍ വിഭാവനം ചെയ്യുന്നു.ഇവിടുത്തെ 31 പ്ലോട്ടുകള്‍ എല്ലാവിധ സൗകര്യങ്ങളോടെയും സജ്ജമാക്കും.റോഡ്,സ്വീവറേജ് ,മെട്രോ നോര്‍ത്ത് അടക്കമുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ ഓരോ സൈറ്റിലും ലഭ്യമാക്കും.എല്ലാ വിധ ആധുനികതകളോടും ബല്ലിമണിനെ പുനസൃഷ്ടിക്കാനാണ് തീരുമാനമെന്ന് സിറ്റി പ്ലാനര്‍ ജോണ്‍ ഒ ഹാര പറഞ്ഞു.
ബല്ലിമണിലെ 80% താമസക്കാരും സോഷ്യല്‍ ഹൗസിംഗിലാണ് കഴിയുന്നത്. 20%ത്തിനു മാത്രമാണ് സ്വന്തം വീടുകളുള്ളത്.സ്വകാര്യ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിലൂടെ മാത്രമേ ഈ മേഖലയില്‍ സാമൂഹിക,സാമ്പത്തിക ഉയര്‍ച്ചയ്ക്ക് സാധ്യതയുള്ളു.നിലവില്‍ അത്രനല്ല ‘പേരൊന്നുമല്ല’ ബല്ലിമണിനുള്ളത്.സോഷ്യല്‍ ഹൗസിംഗില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള പത്ത് ശതമാനം പേര്‍ക്ക് പുതിയപദ്ധതിയില്‍ ഇടം ലഭിക്കുമെന്നും കരുതുന്നു.















