അയര്‍ലണ്ടിലെ ആവശ്യക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ നല്‍കാമെന്ന് ജര്‍മ്മന്‍ ബാങ്ക്,സര്‍ക്കാര്‍ അനുമതി വൈകുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ഭവന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ ഹൗസിംഗ് ലോണ്‍ നല്‍കാമെന്ന് ജര്‍മ്മന്‍ ബാങ്കിന്റെ വാഗ്ദാനം.ജര്‍മ്മനിയിലെ ഏറ്റവും വലിയ ഭൂപണയ ബാങ്കായ സ്പാര്‍ക്കസ് ആണ് വ്യത്യസ്തമായ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.

സര്‍ക്കാരിന് ബാങ്ക് ഓഫ് അയര്‍ലണ്ടിനെയും എഐബിയേയും സംരക്ഷിക്കേണ്ടതുണ്ട് എന്നതിനാല്‍ അയര്‍ലണ്ടിന്റെ ഭവന വായ്പാ വിപണിയില്‍ ഇടപെടുന്നതിന് രാഷ്ട്രീയ തടസ്സമുണ്ടെന്നും ബാങ്ക് വെളിപ്പെടുത്തി.ഇക്കാര്യത്തില്‍ അനുകൂലമായ രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കുകയാണ് ജര്‍മ്മന്‍ ബാങ്ക്.സാഹചര്യത്തില്‍ ശുഭകരമായ മാറ്റം വരുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നു.

സ്പാര്‍ക്കസിന്റെ അയര്‍ലണ്ടിലെ പ്രോജക്ട് മാനേജര്‍ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അയര്‍ലണ്ടിന്റെ സാമൂഹിക-സാമ്പത്തിക രംഗത്ത് നിര്‍ണായകമായേക്കാവുന്ന തീരുമാനം വെളിപ്പെടുത്തിയത്.അയര്‍ലണ്ടിന്റെ ഭവനപ്രതിസന്ധി ഒരു ദേശീയ പ്രശ്നമായി വളര്‍ന്നതിനെ തുടര്‍ന്നാണ് ബാങ്കിന്റെ ഈ ഇടപെടല്‍. വാടക കുത്തനെ ഉയര്‍ന്നതും ഭവന ദാരിദ്ര്യവും വായ്പകളുടെ ലഭ്യതക്കുറവും ബാങ്കിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി മാനേജര്‍ ഹറാള്‍ഡ് ഫെല്‍സണ്‍ പറഞ്ഞു.

അയര്‍ലണ്ടിന്റെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതില്‍ ശക്തമായി ഇടപെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.എന്നിരുന്നാലും ബാങ്കിംഗ് രംഗത്തെ ഒരു മൂന്നാംശക്തിയാകുന്നതിനെ അയര്‍ലണ്ട് സര്‍ക്കാരിന് ഉല്‍ക്കണ്ഠയുള്ളതായാണ് മനസ്സിലാകുന്നതെന്നും ഫെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

എഐബിയുടേയും ബി.ഒ.ഐ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിന് ഭീഷണിയായാലോയെന്നാണ് സര്‍ക്കാരിന്റെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ആശങ്ക.

ഭവനമന്ത്രി ഓവന്‍ മര്‍ഫിയുമായി സംസാരിച്ചപ്പോള്‍ വിഷയം ഗ്രാമകാര്യവകുപ്പിന് വിട്ടുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു. സ്പര്‍ക്കാസിന്റെ അയര്‍ലണ്ട് മോഡലിനോട് സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നാണ് അതില്‍ നിന്നും വ്യക്തമാകുന്നതെന്നും ഫെല്‍സണ്‍ വ്യക്തമാക്കി.

എന്നാല്‍, ഇക്കാര്യത്തില്‍ ഗ്രാമകാര്യ വകുപ്പ് വീഴ്ച വരുത്തിയിട്ടില്ലെന്ന് വകുപ്പ് മന്ത്രി മൈക്കിള്‍ റിംഗ് വെളിപ്പെടുത്തി.വിഷയം ധനവകുപ്പിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ധനകാര്യ വകുപ്പ് പ്രതിനിധികള്‍ സ്പര്‍ക്കാസ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജര്‍മ്മന്‍ സന്ദര്‍ശനമുണ്ടാകുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്പര്‍ക്കാസ് മനേജര്‍ ഫെല്‍സണ്‍ ധന-ഗ്രാമകാര്യ വകുപ്പ് പ്രതിനിധികളെ ജര്‍മ്മനിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ബാങ്കിന്റെ വായ്പാ രീതികളെക്കുറിച്ച് ബോധ്യപ്പെടുന്നതിന് ഇതാവശ്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കുറഞ്ഞ പലിശയില്‍ സാധാരണക്കാരായവര്‍ക്ക് വായ്പകള്‍ നല്‍കുന്നതിലൂടെയാണ് സ്പര്‍ക്കാസ് നിര്‍ണായക നിലയിലേക്ക് വളര്‍ന്നത്. ലോകം നേരിട്ട വന്‍ സാമ്പത്തിക പ്രതിസന്ധിയിലും ജര്‍മ്മനി കാര്യമായി ഉലയ്ക്കാതിരിക്കുന്നതില്‍ ഈ ധനകാര്യ സ്ഥാപനത്തിന്റെ ഇടപെടല്‍ ശ്ലാഘിക്കപ്പെട്ടിരുന്നു. അയര്‍ലണ്ടിന്റെ രാഷ്ട്രീയ തീരുമാനം അനുകൂലമാകുന്ന പക്ഷം 200 മില്യന്‍ യൂറോയുടെ കുറഞ്ഞ പലിശയിലുള്ള വായ്പകള്‍ അയര്‍ലണ്ടിന്റെ ഗ്രാമീണമേഖലയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *