കൊച്ചി: നടന്‍ ദിലീപിനെ നിരപരാധിയായി ചിത്രീകരിച്ച് ഏതു വിധത്തിലും പുറത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിനിമാക്കാര്‍ നിരനിരയായി താരത്തെ കാണാന്‍ ജയിലിലെത്തിയതെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പു നല്കി.
കൃത്യമായ തെളിവുകള്‍ സഹിതം കോടതിക്കു മുന്നില്‍ പ്രതിയെ എത്തിച്ചിട്ടും കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നതില്‍ അന്വേഷണ സംഘത്തിനും ആശങ്കയുള്ളതായാണ് അറിയുന്നത്.
ഇപ്പോഴുള്ള അന്വേഷണ സംഘത്തെ മാറ്റുന്നതിനും പ്രോസിക്യൂഷനെ ദുര്‍ബലപ്പെടുത്തുന്നതിനും ശക്തമായ നീക്കം നടക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ ഭാഗമായി രാഷ്ട്രീയ ബന്ധമുള്ളവരടക്കം സിനിമയിലെ ഉന്നതര്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ജയിയിലെത്തി ദിലീപിനെ കണ്ടതു മുതലാണ് ഇത്തരം സംശയങ്ങള്‍ ബലപ്പെട്ടത്. നിയമപോരാട്ടത്തില്‍ ഓപ്പമുണ്ടെന്ന മോഹന്‍ ലാലിന്റെ സന്ദേശം ദിലീപിനു കൈമാറാനാണ് ആന്റണി എത്തിയതെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ തുടക്കം മുതല്‍ നിഷ്പക്ഷ നിലപാടെടുത്തിരുന്ന ലാല്‍ ദിലീപിനെ അന്ധമായി പിന്തുണയ്ക്കില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
മമ്മൂട്ടി മനസ്സിലിരിപ്പ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ദിലീപുമായി വളരെ നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. ദിലീപ്-കാവ്യാ മാധവന്‍ വിവാഹ വേളയിലും മമ്മൂട്ടി നേരിട്ടെത്തി ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നിരുന്നു.
സേവ് ദിലീപ് ഫോറം രൂപീകരിച്ച് നടനെ പുറത്തെത്തിക്കാനുള്ള ശ്രമത്തെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ താരസംഘടന പിളരാനും അതിടയാക്കിയേക്കും.
പൃഥ്വിരാജില്‍ തുടങ്ങി യുവനിരയിലെ വലിയൊരു വിഭാഗം താരങ്ങള്‍ ഇത്തരം നീക്കങ്ങള്‍ക്ക് എതിരാണ്. ആക്രമിക്കപ്പെട്ട നടിക്ക് ഓണാശംസ പോലും നേരാന്‍ മറന്നവര്‍ ഓണക്കോടിയുമായി ജയിലില്‍ കയറിയിറങ്ങുന്നതില്‍ ഇക്കൂട്ടര്‍ അസ്വസ്ഥരാണ്. ദിലീപിനെ പരസ്യമായി പിന്തുണച്ചുകൊണ്ടു സൂപ്പര്‍ താരങ്ങള്‍ രംഗത്തുവന്നാല്‍ താരസംഘടനയായ അമ്മ പിളരുമെന്ന് ഒരുവിഭാഗം താരങ്ങള്‍ മുതിര്‍ന്ന നടീനടന്മാര്‍ക്ക് മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്.
ഇതേസമയം, സര്‍ക്കാര്‍ തികഞ്ഞ ജാഗ്രതയിലുമാണ്. അന്വേഷക സംഘത്തെ ഈ ഘട്ടത്തില്‍ മാറ്റിയാല്‍ കോടതി പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കുഴപ്പമുണ്ടാകുമെന്ന നിയമോപദേശമാണ് സര്‍ക്കാരിനു കിട്ടിയിട്ടുള്ളത്. മാത്രമല്ല, പൊതു ജനത്തിനിടയിലും സര്‍ക്കാരിനു മോശം പ്രതിച്ഛായയുണ്ടാക്കാന്‍ ഇതിടയാക്കും. ഇതെല്ലാം തിരിച്ചറിഞ്ഞു മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു പോകൂ. ഇതുവരെ, അന്വേഷക സംഘത്തിന് മുഖ്യമന്ത്രി പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കിയിട്ടുണ്ട്.
വിചാരണക്കോടതിയും ഹൈക്കോടതിയുമെല്ലാം ജാമ്യം നിഷേധിക്കുകയും നിര്‍ഭയ കേസിലും ക്രൂരമെന്നു കോടതി വിലയിരുത്തുകയും ചെയ്ത കേസിലെ പ്രതിക്കു വേണ്ടി എന്തു നിലപാടായിരിക്കും മുഖ്യമന്ത്രി സ്വീകരിക്കുക എന്നറിയാനും കൗതുകത്തോടെ കാത്തിരിക്കുകയാണ് പൊതു സമൂഹം.
ഇതിനിടെ കോടതിയുടെ അനുമതിയോടെ നടന്‍ ദിലീപ് പോലീസ് കാവലില്‍ ആലുവ സബ് ജയിലില്‍ നിന്നും ഇന്ന് കൊട്ടാരക്കടവ് പത്മസരോവരം വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധചടങ്ങുകളില്‍ പങ്കെടുത്തു. രാവിലെ എട്ടുമണിക്കാണ് ജയിലില്‍ നിന്നും ദിലീപിനെ പുറത്തിറക്കിയത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കുറച്ചു സമയം വിശ്രമിച്ച ശേഷം പത്തുമണിക്ക് പത്ത് മിനിട്ട് അവശേഷിക്കേ തിരിച്ച് ജയിലിലെത്തിച്ചു.
കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കിയത്. വീട്ടിലും ആലുവ മണപ്പുറത്തുമായിരുന്നു ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ മണപ്പുറത്തേക്ക് കൊണ്ടുപോയില്ല. ആലുവാ നദീതീരത്തുള്ള വീടിനു മുന്നിലാണ് ചടങ്ങുകള്‍ നടന്നത്.
അമ്മക്കും സഹോദരങ്ങള്‍ക്കും മകള്‍ക്കും ഒപ്പമാണ് ദിലീപ് ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ എട്ടുമുതല്‍ 10 വരെയാണ് ദിലീപിന് ജയിലിനു പുറത്തിറങ്ങാന്‍ കോടതി അനുമതി നല്‍കിയത്. കൃത്യം പത്തുമണിക്കു തന്നെ ദിലീപിനെ കോടതിയില്‍ തിരിച്ചെത്തിച്ചു.മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ സുരക്ഷക്കായി 200 ഓളം പോലീസുകാരെയാണ് നിയോഗിച്ചിരിന്നത്.
ദിലീപിനെ കാണാന്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തിയിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരും വീട്ടിലെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.രാവിലെ ഏഴുമുതല്‍ 11 വരെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും മാനുഷിക പരിഗണന നല്‍കിയാണ് കോടതിയുടെ തീരുമാനം.
2008ലാണ് ദിലീപിന്റെ അച്ഛന്‍ പദ്മനാഭന്‍ പിള്ള മരിച്ചത്. അതിനുശേഷം എല്ലാ വര്‍ഷവും മൂത്തമകനായ ദിലീപാണ് ബലിയിടുന്നതെന്ന് അഭിഭാഷകര്‍ അറിയിച്ചു. അതേസമയം, അച്ഛന് ബലിയിടണമെന്ന ദിലീപിന്റെ വാദം പുറത്തിറങ്ങാനായി മാത്രമാണെന്നും അനുവദിച്ചാല്‍ ഇതൊരു കീഴ്വഴക്കമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇക്കാര്യം ജാമ്യാപേക്ഷ വാദിക്കുന്ന വേളയില്‍ പ്രതിഭാഗം ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം ഇതേ തീയതിയില്‍ ശ്രാദ്ധച്ചടങ്ങില്‍ ദിലീപ് പങ്കെടുത്തിരുന്നില്ല. പുറത്തുവന്നാല്‍ പ്രതി മാധ്യമങ്ങളെ കാണാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.















