ഡബ്ലിന്‍ : തലസ്ഥാനവാസികളുടെ വെള്ളംകുടി മുട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഐറീഷ് വാട്ടര്‍ മേധാവി.ഡബ്ലിനിലേക്കുള്ള പൈപ്പുകളുടെ കാലപ്പഴക്കം മുന്‍നിര്‍ത്തിയാണ് ഐറീഷ് വാട്ടര്‍ മാനേജിംഗ് ഡയറക്ടര്‍ ജെറി ഗ്രാന്റിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പുകള്‍.ഡബ്ലിനിലേക്കുള്ള പ്രധാന പൈപ്പുകളിലൊന്നിലുണ്ടാകുന്ന തകരാര്‍ നഗരത്തെയാകെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്.കഴിഞ്ഞ അമ്പതു വര്‍ഷമായി പൈപ്പുലൈനുകള്‍ പരിശോധിച്ചിട്ടില്ല. അഡീഷണലായൊരു പൈപ്പ് ലൈന്‍ ഇല്ലാത്തതിനാല്‍ കൗണ്ടി കില്‍ഡയറിലെ ബല്ലിമോര്‍ ഓസ്റ്റസ് ഡ്രിങ്കിംഗ് ട്രീറ്റ്മെന്റ് പ്ലാന്റിലുണ്ടാകുന്ന തകരാര്‍ തലസ്ഥാനത്തെ വലിയ കുടിവെള്ള പ്രതിസന്ധിയിലാക്കും.
ഐറീഷ് വാട്ടറിന്റെ നിര്‍ണായക സ്വത്തുക്കളുടെ ഭാവി ആശങ്കപ്പെടുത്തുന്നതാണെന്ന് വാര്‍ട്രൈ ടണലിന്റെ പഴക്കം ചൂണ്ടിക്കാട്ടി ഗ്രാന്റ് പറഞ്ഞു.എല്ലാം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കി നമ്മളെ ഏല്‍പ്പിച്ചതാണ്. പിന്നെ നമ്മളതിന്റെ പിന്നാലെ പോയിട്ടേയില്ല.ബല്ലിമോര്‍ ഓസ്റ്റസിനും സാഗാര്‍ട്ടിനുമിടയിലുള്ള പൈപ്പ്ലൈനുകളുടെ സ്ഥിതി ആശങ്കാകുലമാണ്.സ്വോര്‍ഡ്സിലേക്കുള്ള പൈപ്പുലൈനുകള്‍ നിരന്തര തകരാറിലാണ്.അവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.ഇത്തരത്തിലുള്ള ഒട്ടേറെ ഉദാഹരണങ്ങള്‍ രാജ്യത്തുടനീളമുണ്ടെന്നു ഗ്രാന്റ് ചൂണ്ടിക്കാട്ടി.
കൗണ്ടി കില്‍ഡയറിലെ വിക്ക്ലോ ട്രീറ്റ്മെന്റ് പ്ലാന്റിനേയും സ്റ്റില്ലോര്‍ഗന്‍ റിസര്‍വോയറിനെയും ബന്ധിപ്പിക്കുന്ന ടണലാണ് വാര്‍ട്രൈ.ഇതിനു സംഭവിക്കുന്ന ഏതൊരു തകരാറും ബ്രേയും ഗ്രേസ്റ്റോണുമുള്‍പ്പട്ടെ നോര്‍ത്ത് വിക്ക്ലോയിലെ ആളുകളുടെ കുടിവെള്ളം ഇല്ലാതാക്കുമെന്നും ഗ്രാന്റ് വെളിപ്പെടുത്തി.നോര്‍ത്തില്‍ നിന്നും ലിഫിയുടെ സൗത്തിലേക്കുള്ള മലിനജലത്തെ തടയേണ്ടതുണ്ടെന്നും ഗ്രാന്റ് വ്യക്തമാക്കി.
ഐറീഷ് വാട്ടറിന് കാര്യങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോകണമെങ്കില്‍ സുശക്തമായ സാമ്പത്തിക പിന്‍ബലം വേണം; ഏറ്റവും കുറഞ്ഞത് അഞ്ച് വര്‍ഷത്തേയ്ക്കെങ്കിലും. അതല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല-ഗ്രാന്റ് പറഞ്ഞു.ജലവിതരണശൃംഖലയെ ശക്തിപ്പെടുത്തണമെങ്കില്‍ 13.5ബില്യന്‍ ആവശ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേക്കുള്ള ഫണ്ടു മാത്രമേ ഇപ്പോഴും ഇതിനായി കാണുന്നുള്ളു.സര്‍ക്കാര്‍ അംഗീകരിച്ച പഞ്ചവല്‍സരപദ്ധതിയെ അടിസ്ഥാനമാക്കി മുന്നോട്ടുപോയാല്‍ മാത്രമേ കാര്യങ്ങള്‍ നല്ല നിലയില്‍ പോവുകയുള്ളു.
ഫണ്ടിംഗ് നിലച്ചാല്‍ അത് പ്രോഗ്രാമിനെ ബാധിക്കും.നമ്മുടെ ആവശ്യത്തിനുതകുന്ന ജലവിതരണ ശൃംഖലയുണ്ടാക്കാനാണ് ശ്രമിക്കുന്നത്.അതിന് കൃത്യമായ തുടര്‍നടപടിയില്ലെങ്കില്‍ സേവനത്തിന്മേലുള്ള വിശ്വാസ്യത നഷ്ടപ്പെടുന്ന നിലയുണ്ടാകുമെന്നും ഐറീഷ് വാട്ടര്‍ മേധാവി പറഞ്ഞു.















