ഡബ്ലിന്‍ :മകനെ മര്‍ദ്ദിച്ച് കൈവിരലൊടിച്ച സംഭവത്തില്‍ അച്ഛന്‍ കുറ്റക്കാരനല്ലെന്ന് കോടതി. വീട്ടിലെ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകാതെ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന മകനെയാണ് അച്ഛന്‍ മര്‍ദിച്ചത്.ഇതിനിടെ 17കാരന്റെ കൈവിരലിനു പൊട്ടലുണ്ടായി.
സ്വയം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് മുറിവുണ്ടായതെന്നും മനപ്പൂര്‍വമല്ലെന്നുമായിരുന്നു ഇതു സംബന്ധിച്ച് 42കാരനായ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി. ഇതംഗീകരിച്ചാണ് ഡബ്ലിന്‍ ജില്ലാ കോടതി ജഡ്ജി കാത്രിന്‍ ഹട്ടന്‍ അച്ഛനെ കുറ്റവിമുക്തനാക്കിയത്.
2016 ജനുവരിയില്‍ സൗത്ത് ഡബ്ലിനിലെ വീട്ടിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.വീട്ടിലെത്തിയപ്പോള്‍ പാത്രങ്ങള്‍ കഴുകാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായി.തുടര്‍ന്ന് മകന്‍ അച്ഛനെ ചീത്തവിളിച്ചെന്നു മകന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നു ഉന്തും തള്ളുമായി.ഇതിനിടെ കൈവിരല്‍ പിടിച്ച് തിരിച്ചു.വിരലിനുള്ളില്‍ നിന്ന് പെട്ടെന്നൊരു ശബ്ദവുമുണ്ടായി.വിരലൊടിഞ്ഞെന്നു തോന്നിയ സംശയത്താല്‍ ചില മറുമരുന്നുകളും അച്ഛന്‍ തന്നെ ചെയ്തതായും മകന്‍ കോടതിയില്‍ വെളിപ്പെടുത്തി.
പിന്നീട് ബെഡ്റൂമില്‍ വന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മകന്‍ അച്ഛനെ ഹര്‍ളി സ്റ്റിക്ക് കൊണ്ട് അടിച്ചോടിച്ചു. പിന്നീട് വിരലിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.തന്നില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരിക്കാം അച്ഛന്‍ കൈപിടിച്ചു തിരിച്ചതെന്നും മകന്‍ കോടതിയില്‍ പറഞ്ഞു.
തലയ്ക്കു പിന്നില്‍ അഞ്ചോ ആറോ തവണ മകന്‍ ഇടിച്ചു. ഒടുവില്‍ രക്ഷപ്പെടാനായി കൈപിടിച്ചു തിരിച്ചു. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ സംഭവിച്ചു-ഇതായിരുന്നു അച്ഛന്‍ ഗാര്‍ഡയ്ക്ക് നല്‍കിയ മൊഴി.















