ഡബ്ലിനില്‍ സംഘട്ടനം:ഒരു സ്ത്രീയടക്കം രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു:  നടന്നത് ഗുണ്ടാ ഗ്യാങ് വിളയാട്ടം 

ഡബ്ലിന്‍:ഡബ്ലിന്‍ ബാലിമൂണില്‍ രണ്ടു പേര്‍ വെടിയേറ്റ് മരിച്ചു.ഇന്ന് വൈകിട്ടു നാല് മണിയോടെ ബാലിമൂണില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ മരണപ്പെട്ടത്.

സംഘട്ടനത്തില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

ഡബ്ലിനിലെ കുപ്രസിദ്ധമായ ‘കുടിപ്പകയുടെ ഗ്യാംഗാണ്’ ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്.നോര്‍ത്ത് ഡബ്ലിനിലെ ബാലിമൂണ്‍ ബാല്‍ബുച്ചര്‍ ലൈനിലാണ് ഇന്ന് വൈകിട്ട് രക്തപ്പുഴയൊഴുക്കി അക്രമിസംഘം അഴിഞ്ഞാടിയത്.

വീടിന് മുന്‍വശത്ത് വെച്ചാണ് 30 വയസുകാരനായ യുവാവിനെ അക്രമിസംഘം വെടിവെച്ചിട്ടത്.കാറില്‍ ഇരിക്കവേ ആയിരുന്നു ആക്രമണം.പിന്നാലെ ബില്‍ഡിംഗിന് അകത്തേയ്ക്ക് അതിക്രമിച്ചു കയറി സ്ത്രീയ്ക്ക് നേരെയും വെടിയുതിര്‍ത്തു.ആറു മക്കളുടെ അമ്മയായ നാല്പതുവയസുകാരിയായ ഇവരും സംഭവസ്ഥലത്തു തന്നെ മരിച്ചു വീഴുകയായിരുന്നു.മരിച്ച സ്ത്രീയുടെ അമ്മയ്ക്കും വെടിയേറ്റിട്ടുണ്ട്.സംഘട്ടനത്തില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വെടിയേറ്റ് മരിച്ച സ്ത്രീ പിഞ്ചു കുട്ടിയെ ഒക്കത്തെടുത്ത് അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് അക്രമി സംഘം ഇവരെ വെടിവെച്ചിട്ടത്.കുഞ്ഞിനും സാരമായ പരിക്കുകളുള്ളതായാണ് ഗാര്‍ഡ അറിയിച്ചത്.

ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഗാര്‍ഡ വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തിന് തൊട്ടുപിന്നാലെ വന്‍ തോതില്‍ ഗാര്‍ഡ സംഘം സംഭവ സ്ഥലത്തെത്തി.സംഭവ സ്ഥലത്ത് നിന്നും ഒരു മിഷന്‍ ഗണ്ണും,ഒരു ഹാന്‍ഡ് ഗണ്ണും കണ്ടെടുത്തിട്ടുണ്ട്. ഏതാനം വാഹനങ്ങളും അക്രമി സംഘം നശിപ്പിച്ചിട്ടുണ്ട്.ഗാര്‍ഡ അന്വേഷണം തുടരുകയാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *