ഡബ്ലിന്‍:ഡബ്ലിനിലെ വാടകപ്രതിസന്ധിയും,വാടകക്കാരുടെ അരക്ഷിതാവസ്ഥയും ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും ഉദ്ദേശിച്ച് ഡബ്ലിന്‍ ടെനന്റ്റ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് പൊതുസമ്മേളനം ഇന്ന്(ബുധനാഴ്ച).
ഡബ്ലിന്‍ ലിഫി റിവറിന് സമീപമുള്ള ഈസ്റ്റ് എസെക്സ് സ്ട്രീറ്റില്‍ (43 East Essex Street, Dublin, Ireland D2)വൈകിട്ട് 7 മണിയ്ക്കാണ് ടെനന്റ്‌സ് ഫോറം ആരംഭിക്കുക.
നഗരത്തിലെ ഭവനനിര്‍മ്മാണ പ്രതിസന്ധി കൂടുതല്‍ വഷളാവുകയും ഒട്ടേറെ പേരെ ഒഴിപ്പിച്ചു വിടുകയും ചെയ്യുന്നത് നിത്യ സംഭവമായി കഴിഞ്ഞു.സര്‍ക്കാര്‍ കൂടുതല്‍ വീടുകള്‍ പണിയുന്നുവെന്ന് പറയുന്നുണ്ടെങ്കിലും, വീടുകളുടെ ദൗര്‍ലഭ്യവും,കുതിച്ചുയരുന്ന വാടകയും,വീട്ടുടമകളുടെ കുല്‍സിത തന്ത്രങ്ങളും വാടകക്കാരെ അനുദിനം വിഷമവൃത്തത്തിലേയ്ക്ക് തള്ളി വിടുകയാണ്.
സമീപകാലത്ത് നിലവില്‍ വന്ന വാടക നിയന്ത്രണ നടപടികള്‍ ഉണ്ടെങ്കിലും, വീട്ടുടമകള്‍ക്ക് അന്യായമായി ലാഭം വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്.
ഈ ചൂഷണത്തിനെതിരെ പോരാടുന്നതിന് നേതൃത്വം നല്‍കിയാണ് ഡബ്ലിന്‍ ടെനന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തുന്നത്.
നിലവില്‍ അന്യായം പ്രകടിപ്പിക്കുന്ന വീട്ടുടമസ്ഥര്‍ക്കെതിരെ കോടതിയില്‍ കേസിന് പോയാല്‍ പോലും അവരുടെ ഭാഗം വിജയിക്കുന്ന നിയമങ്ങളാണ് അയര്‍ലണ്ടിലുള്ളത്. വാടകക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ പോളിസിയിലും നിയമങ്ങളിലും മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്.ഇതിനായി വാടകക്കാരെ സംഘടിപ്പിക്കുകയും പോരാടുന്നതിന് നേതൃത്വം വഹിക്കുകയുമാണ് ഡബ്ലിന്‍ ടെനന്റ്‌സ് അസോസിയേഷന്‍ ചെയ്യുന്നത്.
ഈ പ്രക്രിയയുടെ ഭാഗമായാണ് 2017 ലെ രണ്ടാം ടെനന്റ്‌സ് ഫോറം ഇന്ന് വൈകിട്ട് ചേരുന്നത്. വാടക വര്‍ദ്ധനവിനും,ഒഴിപ്പിക്കലിനുമെതിരെ വാടകക്കാര്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും ഭാവി നടപടികള്‍ രൂപീകരിക്കുന്നതിനുമായാണ് ഇന്നത്തെ സമ്മേളനം ലക്ഷ്യമിടുന്നത്
മലയാളികളടക്കം നഗരത്തിലെ എല്ലാ കുടിയേറ്റ സമൂഹങ്ങളില്‍ നിന്നുമുള്ളവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.















