പ്രായമായവര്‍ക്ക് ഇനി ഹോം കെയര്‍ സൗകര്യം,കെയറര്‍മാരുടെ ആവശ്യം കുതിച്ചുയരും,വിദേശറിക്രൂട്ട്‌മെന്റും ആവശ്യമായി വരുമെന്ന് നിരീക്ഷണം

ഡബ്ലിന്‍:പ്രായമായവര്‍ക്ക് സ്വന്തം വീടുകളില്‍ തന്നെ ഹോം കെയര്‍ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ബില്‍ ഡോള്‍ പാസാക്കി. ഫിയനാഫാള്‍ ടിഡി വില്ലി ഒഡിയ അവതരിപ്പിച്ച ബില്‍ പ്രകാരം പെന്‍ഷന്‍കാര്‍ക്ക് നഴ്സിങ് ഹോമുകള്‍ക്ക് പകരം സ്വന്തം വീടുകളില്‍ത്തന്നെ ഹോം കെയര്‍ സൗകര്യം ലഭ്യമാക്കും.ഇത് ഏറെ പണം ലാഭിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുകയും ചെയ്യും.

ബ്രെന്‍ഡന്‍ കോര്‍ട്ട്നി സംവിധാനം ചെയ്ത വൃദ്ധരെക്കുറിച്ചുള്ള ‘വി നീഡ് ടു ടോക്ക് എബൗട്ട് ഡാഡ്’ എന്ന ഡോക്യുമെന്ററി കഴിഞ്ഞയാഴ്ച പുറത്തുവന്നതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വയോധികര്‍ക്ക് പ്രാധാന്യം നല്‍കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. പുതിയ പദ്ധതി പ്രകാരം വീട്ടിലോ നഴ്സിങ് ഹോമിലോ ശിഷ്ടകാലം ചെലവഴിക്കേണ്ടതെന്ന് പ്രായമായവര്‍ക്ക് സ്വയം തീരുമാനിക്കാം.

ഫെയര്‍ ഡീല്‍ സ്‌കീം ബാധകമായവര്‍ക്കാണ് സൗകര്യം ലഭിക്കുക.ഇത് പ്രകാരം സര്‍ക്കാരിലേക്ക് പെന്‍ഷനര്‍ നിശ്ചിതവിഹിതം ഒറ്റത്തവണയായി അടച്ചിരിക്കണം.

അതേസമയം രാജ്യത്തെ വൃദ്ധരുടെ എണ്ണം വര്‍ദ്ധിക്കുകയാണ് എന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ബില്‍ അവതരിപ്പിച്ച വില്ലി ഒഡിയ പറഞ്ഞു. 2040ഓടെ രാജ്യത്തെ ആറില്‍ ഒന്ന് പേര്‍ വൃദ്ധരായി മാറും. ഇവര്‍ക്ക് മികച്ച ശുശ്രൂകള്‍ നല്‍കേണ്ടതുണ്ട്. ഇത്രയും പേര്‍ക്ക് നഴ്സിങ് ഹോം സൗകര്യം ഒരുക്കുന്നതിന് വലിയ തുക ചെലവാകുമെന്നതിനാല്‍ ഹോം കെയര്‍ താരതമ്യേന ചെലവ് കുറഞ്ഞതാകും. സ്വന്തം വീടാകുമ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുകയും ചെയ്യും. നഴ്സിങ് ഹോം കെയറിന്റെ മൂന്നില്‍ ഒന്ന് ചെലവ് മാത്രമേ ഹോം കെയറിന് വരികയുള്ളൂവെന്ന് ഒഡിയ വ്യക്തമാക്കി. അതേസമയം ഹോംകെയറിന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കുമോ എന്നും, എങ്കില്‍ അത് എത്തരത്തിലായിരിക്കുമെന്നുമുള്ള ചോദ്യങ്ങള്‍ക്ക് അവ സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് ഒഡിയ മറുപടി നല്‍കിയത്.

ആരോഗ്യമേഖലയില്‍ കെയറര്‍മാര്‍ക്ക് കൂടുതല്‍ പ്രവേശനവും അവസരവും നല്‍കുന്നതാണ് പുതിയ ബില്‍.കാലക്രമേണ നഴ്സുമാരെ പോലെ കെയറര്‍മാരെയും രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യപ്പെടേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ തന്നെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Comments

comments

Leave a Reply

Your email address will not be published. Required fields are marked *