ഡബ്ലിന്‍ :അയര്‍ലണ്ടിലെ ആരോഗ്യരംഗത്തെ വികസനത്തിനും നവീകരണത്തിനും മുഖ്യ തടസ്സം ട്രേഡ് യൂണിയനുകളാണെന്ന് ആരോഗ്യസഹ മന്ത്രി ജിം ഡാലി. ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് പുതിയ മന്ത്രി യൂണിയനുകള്‍ക്കെതിരെ ആഞ്ഞടിച്ചത്.
ആരോഗ്യ വകുപ്പിലെ ഏറ്റവും വലിയ ബ്യൂറോക്രസിയെന്നു പറയുന്നത് ട്രേഡ് യൂണിയനുകളാണ്.ഇവരുമായി ധാരണയിലെത്താന്‍ എത്ര സമയമെടുക്കുമെന്നതാണ് തന്റെ ഏറ്റവും വലിയ ഉല്‍ക്കണ്ഠയെന്നും മന്ത്രി സൂചിപ്പിച്ചു.നഴ്സിംഗ് ഹോമില്‍ കഴിയുന്ന ആയിരക്കണക്കിന് മുതിര്‍ന്നവരെ വീടുകളിലേക്ക് തിരികെ അയക്കണമെന്ന ഇവരുടെ അഭിപ്രായപ്രകടനം വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ യൂണിയനുകള്‍ക്കെതിരായ രോഷം.
‘നമ്മളെപ്പോഴും ബ്യൂറോക്രസിയെപ്പറ്റിപ്പറയും.എന്നാല്‍ ജനപ്രതിനിധിയെന്ന നിലയിലുള്ള എന്റെ 14 വര്‍ഷത്തെ പൊതു പ്രവര്‍ത്തനാനുഭവത്തില്‍ കണ്ട ഏറ്റവും വലിയ ബ്യൂറോക്രസിയെന്നു പറയുന്നത് എച്.എസ്.ഇയിലെ യൂണിയനുകളാണ്.നയമുണ്ടാക്കുന്നതും അതിനുവേണ്ട റിസോഴ്സുകള്‍ കണ്ടെത്തുന്നതും വളരെ എളുപ്പമാണ്.
എന്നാല്‍ അത് പ്രാവര്‍ത്തികമാക്കുകയെന്നതാണ് ഏറ്റവും പ്രയാസം.മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്ന ഫണ്ട് അവര്‍ക്ക് ഏറ്റവും അനുയോജ്യമായ വിധം ചെലവിടുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്നത്. ഹോം ഹെല്‍പ്പ് സര്‍വീസ് അതിലുള്‍പ്പെട്ടതാണ്.ഫെയര്‍ ഡിയല്‍ സ്‌കീമില്‍പ്പെട്ട ഈ പദ്ധതിയില്‍ വേണമെങ്കില്‍ പ്രായമായവര്‍ക്ക് അവരുടെ വീടുകളില്‍ത്തന്നെ കഴിയുന്നതിനും അവസരമൊരുക്കുന്നു.
ഫെയര്‍ ഡിയലിലൂടെ രാജ്യത്തിന്റെ ഭവനപ്രതിസന്ധിക്കുള്ള പരിഹാരംകൂടി ആരായുന്നുണ്ട്.പദ്ധതിയുടെ ഭാഗമാകുന്നവര്‍ വീടും മറ്റും വിറ്റ് നഴ്സിംഗ് ഹോം ചെലവുകള്‍ കണ്ടെത്തേണ്ട സ്ഥിതിയുണ്ടാവില്ല. അവര്‍ക്ക് വീട്ടില്‍ കഴിഞ്ഞുകൊണ്ടു തന്നെ പദ്ധതിയുടെ ഭാഗമാകാം.ഇതൊന്നും നിര്‍ബന്ധിതമല്ല താനും ‘ മന്ത്രി പറഞ്ഞു.ഫെയര്‍ ഡിയല്‍ സ്‌കീമിലെ മാറ്റങ്ങള്‍ പൂര്‍ണമായും മുതിര്‍ന്നവരെ സഹായിക്കുന്നതു ലക്ഷ്യമിടട്ടുള്ളതാണെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസും പറഞ്ഞു.















