ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഭവന വായ്പയുടെ പലിശയിനത്തില്‍ കൊള്ളയെന്ന് വെളിപ്പെടുത്തല്‍.യൂറോപ്യന്‍ ശരാശരിയില്‍ നിന്നും പ്രതിമാസം 250യൂറോ പ്രകാരമാണ് അയര്‍ലണ്ടിലെ ഓരോ മോര്‍ട്ട് ഗേജ് വായ്പക്കാരനും കൂടുതലായി അടയ്ക്കേണ്ടിവരുന്നതെന്നാണ് പുതുതായി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് അയര്‍ലണ്ടിലെ കൂടിയ പലിശ നിരക്ക് ബോധ്യപ്പെടുന്നത്.
കൂടിയ പലിശനിരക്ക് ഈടാക്കുമ്പോഴും പുതിയതായി വായ്പയെടുക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ പറയുന്നു.ജൂണില്‍ മാത്രം 562 മില്യന്‍ യൂറോയുടെ ഭവന വായ്പകളാണ് നല്‍കിയത്. 5.6 ബില്യന്‍ യൂറോയുടെ വായ്പകളാണ് കഴിഞ്ഞ ഒരു വര്‍ഷം നല്‍കിയത്. ഇത് 2016ലേ വായ്പാ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നു സെന്‍ട്രല്‍ ബാങ്ക് പറയുന്നു.യൂറോപ്യന്‍ രാജ്യങ്ങളില്‍ ശരാശരി പലിശ നിരക്ക് 1.83%ആയി നിലകൊള്ളുമ്പോള്‍ അയര്‍ലണ്ടിലേത് 3.3% ആണ്. ഇതു പ്രകാരം 200,000യൂറോ വായ്പയെടുക്കുന്ന ഒരാള്‍ ഓരോ മാസവും അധികപ്പലിശയായി 250യൂറോ വീതം നല്‍കേണ്ടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
യൂറോപ്പില്‍ മറ്റെവിടെ ഉള്ളതിനേക്കാളും ഉയര്‍ന്ന ഉയര്‍ന്ന പലിശ നിരക്കാണ് അയര്‍ലണ്ടിലേതെന്ന് ഫിനാഫെയ്ല്‍ സാമ്പത്തിക കാര്യ വക്താവ് മൈക്കിള്‍ മക്ഗ്രാത്ത് പറഞ്ഞു.ഫിക്സഡും ഫ്ളക്സിബിളുമായ എല്ലാ വായ്പകളിലും ഒരേ നിരക്കുകളാണ് ഇവിടെ ഈടാക്കുന്നത്.ഇത്തരത്തില്‍ ഓരോ മാസവും അധികമായി ഈടാക്കുന്ന ഉയര്‍ന്ന പലിശത്തുക സംബന്ധിച്ച് വിശ്വസനീയമായ വിശദീകരണം പോലും നല്‍കാന്‍ അധികൃതര്‍ക്കാവുന്നില്ലെന്നും അദ്ദേഹം വിശദമാക്കി.
വായ്പ എടുക്കപ്പെടുന്നവര്‍ കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.ജനങ്ങള്‍ വായ്പ എടുക്കും മുമ്പ് രണ്ടു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ പഠനങ്ങള്‍ നല്‍കുന്ന സന്ദേശം..















