പബ്ലിക് സര്‍വീസ് കാര്‍ഡില്ലാത്തതിനാല്‍ പെന്‍ഷന്‍ നല്‍കുന്നില്ലെന്ന് പരാതി

ഡബ്ലിന്‍ :പബ്ലിക് സര്‍വീസ് കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതികള്‍ ഉയരുന്നു.ഏതൊരു ആവശ്യത്തിനും പബ്ലിക്ക് സര്‍വീസ് കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപമുയരുന്നത്.

എഴുപതുകാരിയായ വൃദ്ധയ്ക്ക് കാര്‍ഡില്ലാത്തതിന്റെ പേരില്‍ പെന്‍ഷന്‍ നിഷേധിച്ചതാണ് ഇത്തരമൊരു ആക്ഷേപം ഉയര്‍ന്നു വരാന്‍ ഇടയാക്കിയത്. കഴിഞ്ഞ ആഴ്ചകളില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും പറയപ്പെടുന്നു.

സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ക്കായാണ് കാര്‍ഡു നടപ്പിലാക്കിയത്.ഇത് നിയമപരമായി ഇനിയും രാജ്യത്ത് നിര്‍ബന്ധിതമാക്കിയിട്ടുമില്ല എന്നിരിക്കെയാണ് ഈ സ്ത്രീക്ക് പെന്‍ഷന്‍ നിഷേധിച്ചത്.സാമൂഹിക സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ച തിരിച്ചറിയല്‍ പരിശോധനയ്ക്കോ രജിസ്ട്രേഷനോ തയ്യാറായില്ലെന്ന കാരണത്താലാണ് 18മാസമായി ക്ഷേമ പെന്‍ഷന്‍ നല്‍കാത്തതെന്നു ഇവര്‍ പറയുന്നു.ഇവര്‍ക്ക് അര്‍ഹതപ്പെട്ട 13000യൂറോയാണ് നല്‍കാതെ സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നത്.

കാര്‍ഡിന് വേണ്ടി രജിസ്റ്റര്‍ ചെയ്യണമെന്നു കാണിച്ച് നിരവധി കത്തുകളാണ് ഇവര്‍ക്ക് സാമൂഹിക സുരക്ഷാ വകുപ്പ് അയച്ചത്. കത്തിലെ സ്വരം ഭീഷണിയുടെയും മുട്ടാളത്തത്തിന്റേതുമായിരുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. ഈ കത്തിലൊരിടത്തും ഈ കാര്‍ഡ് നിയമപരമായി നിര്‍ബന്ധിതമാക്കപ്പെട്ടതാണെന്ന് പരാമര്‍ശിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ആഴ്ചയില്‍ നല്‍കി വന്ന 166യൂറോയുടെ പെന്‍ഷനും കാര്‍ഡില്ലാത്തതിന്റെ പേരില്‍ റദ്ദാക്കി.ഇത് പുനസ്ഥാപിക്കണമെന്നു ചൂണ്ടിക്കാട്ടി നല്‍കിയ അപ്പീലും പരിഗണിക്കപ്പെട്ടില്ല.ദേശീയ ഐഡി കാര്‍ഡ് നിലവില്‍ വരുത്തുന്നതിനുള്ള ബോധപൂര്‍വമുള്ള നീക്കത്തിന്റെ ഭാഗമാണ് പബ്ലിക് സര്‍വീസ് കാര്‍ഡ് എന്ന് സംശയിക്കുന്നതായി സ്വകാര്യതാ നിയമവിദഗ്ധര്‍ പറയുന്നു.പാസ്‌പോര്‍ട്ടോ ഡ്രൈവിംഗ് ലൈസന്‍സോ പുതുക്കുന്നതിനും പബ്ലിക്ക് സര്‍വീസ് കാര്‍ഡ് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിയിട്ടുണ്ട്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *