വിപ്രോയുമായുള്ള ഐടി ഔട്ട് സോഴ്സിംഗ് കരാര്‍ എഐബി തിരുത്തി,ജോലികള്‍ ഇന്ത്യയ്ക്ക് വിടേണ്ട,അയര്‍ലണ്ടില്‍ തന്നെ മതിയെന്ന് തീരുമാനം 

ഡബ്ലിന്‍ : ഇന്ത്യന്‍ കമ്പനിയായ വിപ്രോയുമായുള്ള ഐടി ഔട്ട് സോര്‍സിങ് സംബന്ധിച്ച മുന്‍ ധാരണകള്‍ വെട്ടിച്ചുരുക്കാന്‍ അയര്‍ലണ്ടിലെ ദേശീയ ബാങ്കായ അലൈഡ് ഐറീഷ് ബാങ്ക് (എഐബി) തീരുമാനിച്ചു.

വിപ്രോയുമായുള്ള അഞ്ച് വര്‍ഷത്തെ ഔട്ട് സോഴ്സിംഗ് കരാറായിരുന്നു ഉണ്ടായിരുന്നത്.ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ വലിയ റിസ്‌കാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എ ഐ ബി ചുവട് മാറ്റുന്നത്.രണ്ടു വര്‍ഷം മുമ്പ് 129 ഉദ്യോഗസ്ഥരെ വിപ്രോയിലേക്ക് ഔട്ട് സോഴ്സ് ചെയ്തിരുന്നു.

തീരെ ചെറിയ തോതിലല്ലാതെ ബാങ്കിന്റെ ഐടി ഓപ്പറേഷന്‍ യൂണീറ്റുകളില്‍ ഓഫ് ഷോറിംഗിന് പ്ലാനില്ലെന്ന് ബാങ്ക് തീര്‍ത്തും ഉറപ്പിച്ചിരിക്കുകയാണ്.

ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്നു ഉറപ്പാക്കുന്നതിനായി ബാങ്കിന്റെ ഐടി പ്രവര്‍ത്തന മാതൃകകള്‍ അവലോകനം ചെയ്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പുതിയ തീരുമാനമെടുത്തത്.

2015ല്‍ ചില ഐടി സേവനങ്ങള്‍ വിപ്രോ ഉള്‍പ്പടെയുള്ള വിവിധ പങ്കാളികളുമായി ഔട്ട് സോഴ്സ് ചെയ്തിരുന്നു.വിപ്രോയുമായുള്ള കരാറിന്റെ ഭാഗമായി വലിയൊരു വിഭാഗം ഐടി ഓപ്പറേഷന്‍സ് അവരുടെ ഉത്തരവാദിത്വത്തില്‍ ആയിരുന്നു.നൂറോളം പ്രോജക്ട് ഘടകങ്ങളാണ് വിപ്രോയെ ഉത്തരവാദിത്വപ്പെടുത്തിയിരുന്നത്.

ഔട്ട് സോഴ്സിംഗ് ക്രമീകരണങ്ങള്‍ക്കായി വന്‍തുക ബാങ്കിന് ചെലവാക്കേണ്ടി വന്നുവെന്ന പഠനത്തിന്റെ വെളിച്ചത്തിലാണ് പുതിയ തീരുമാനം.

ലാഭം നിലനിര്‍ത്താനും ഓഹരി ഉടമകള്‍ക്ക് ഡിവിഡന്റ് നല്‍കാനും ലണ്ടനിലും ഡബ്ലിനിലും മുഖ്യസ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ നേട്ടമുണ്ടാക്കാനും സമീപകാലത്ത് ബാങ്കിന് കഴിഞ്ഞിരുന്നു.എഐബിയില്‍ നിന്നും വിപ്രോയുടെ പ്രൊജക്റ്റിലേയ്ക്ക് മാറ്റിയ ജീവനക്കാര്‍ക്കായി റിബണ്ടന്‍സി പായ്ക്കേജ് നടപ്പാക്കാനുള്ള മുന്‍ തീരുമാനവും ബാങ്ക് വേണ്ടെന്ന് വെച്ചു.ഇവരെ ബാങ്കിന്റെ ഭാഗമാക്കി തുടരാന്‍ അനുവദിച്ചേക്കും.

എന്നാല്‍ നഷ്ടത്തിലായിരുന്ന എ ഐ ബി യെ സാങ്കേതികപരമായി നവീകരിച്ച് വിപ്രോയെ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള നീക്കം അന്താരാഷ്ട്ര വൃത്തങ്ങളില്‍ പോലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.നിശ്ചിത കാലത്തേക്കുള്ള കരാറാണ് വേണ്ടെന്ന് വെച്ച് എ ഐ ബി പിന്നോട്ട് മാറുന്നത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *