ഡോണേഗല്‍: മഴയും വെള്ളപ്പൊക്കക്കെടുതികളും തകര്‍ത്ത ഡോണേഗലിന്റെ ജീവിത ദുരിതങ്ങള്‍ നേരില്‍ക്കാണാന്‍ പ്രധാനമന്ത്രി ലിയോ വരദ്കറെത്തി.അഭൂതപൂര്‍വമായ നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലങ്ങള്‍ നേരിട്ട് കാണാന്‍ പ്രധാനമന്ത്രിയെത്തിയത്.വ്യോമസേനയുടെ ഹെലികോപ്ടറില്‍ കാരഡോണാഗ് വഴിയാണ് പ്രധാനമന്ത്രിയെത്തിയത്. ദുരിതങ്ങള്‍ നേരിട്ട സ്ഥലങ്ങളിലെത്തിയ അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
ഡോണേഗല്‍,ഡെറി,ടിറോണ്‍ എന്നിവിടങ്ങളിലെ നൂറുകണക്കിനാളുകളെ കാറുകളില്‍ നിന്നും വീടുകളില്‍ നിന്നുമൊക്കെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രക്ഷപ്പെടുത്തേണ്ടി വന്നിരുന്നു.ഇനിഷ്ഹാവാനില്‍ മാത്രം ലക്ഷക്കണക്കിനു യൂറോയുടെ നാശനഷ്ടങ്ങളുണ്ടായി.മില്യന്‍കണക്കിന് യൂറോ ചെലവിട്ടാല്‍ മാത്രമേ ഇവിടം പുതുക്കി പണിയാനാകു എന്നതാണ് സ്ഥിതി. പ്രവചനാതീതമായ നാശമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.ഡോണേഗലില്‍ 150ലേറെ കുടുംബങ്ങളെയാണ് നാശം ബാധിച്ചത്.ഇവിടെ ആളുകള്‍ ദൈനംദിനകാര്യങ്ങള്‍ക്കുപോലും ഗതിയില്ലാത്തവരായിരിക്കുകയാണ്. ക്ഷേമഓഫിസുകള്‍ മുഖേന ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചുവരികയാണ്.
ഡെറിയില്‍ 200കുടുബങ്ങളാണ് കെടുതിക്കിരയായത്.വ്യാപാരസ്ഥാപനങ്ങളിലും നാശം നേരിട്ടു. കാറുകളും മറ്റു വാഹനങ്ങളും ഒഴുക്കില്‍പ്പെട്ടു.
ആര്‍ക്കും ജീവഹാനി സംഭവിച്ചില്ലല്ലോയെന്നതില്‍ നമുക്ക് ദൈവത്തോട് നന്ദി പറയാമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.സൈന്യവും സാമൂഹിക സുരക്ഷാവകുപ്പും ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ നടത്തി വരികയാണ്.എല്ലാം നഷ്ടപ്പെട്ട 60കുടുംബങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ വകുപ്പ് അടിയന്തിര സാമ്പത്തികസഹായം നല്‍കിയിട്ടുണ്ട്.ഇനിയും ആവശ്യമായി വന്നാല്‍ കൂടുതല്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇതിനിടെ ഡോണഗേലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടാളമെത്തുന്നതിനെച്ചൊല്ലി ചെറിയ ആശയക്കുഴപ്പമുണ്ടായി.പ്രദേശവാസികള്‍ പട്ടാളത്തെ കാത്ത് നിന്നെങ്കിലും അവരെത്തിയില്ലെന്നാണ് പരാതിയുണ്ടായത്. ദുരിതം നേരിട്ട വടക്ക് -പടിഞ്ഞാറന്‍ പ്രദേശത്തും ആളുകള്‍ പട്ടാളത്തെ കാത്തുനിന്നെങ്കിലും ഉച്ചയ്ക്ക് ഒരുമണിവരെ എത്തിയില്ലത്രെ.എന്താണ് ഇങ്ങനെ ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് അറിയില്ലെന്നും പലയിടത്തും സൈനികര്‍ എത്തിയിട്ടുണ്ടാകാമെന്നും പ്രധാനമന്ത്രി പറഞ്ഞു.ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികരുടെ സേവനം ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.















