കൂടു ചാടിയ വളര്‍ത്തുനായകള്‍ വൃദ്ധയെ കടിച്ചുകീറികൊന്ന സംഭവം :ദുരന്തത്തില്‍ വിറങ്ങലിച്ച് ഗോള്‍വേയിലെ മോയ്ക്കുല്ലന്‍ മേഖല

ഗോള്‍വേ :കൗണ്ടി ഗാല്‍വേയില്‍ മോയ്ക്കുല്ലന്‍ നോക്കറാസ്സറില്‍ വൃദ്ധയെ കടിച്ചു കൊന്ന നായ്ക്കള്‍ കൂടു ചാടി പുറത്തു വന്നതെന്ന് ഗാര്‍ഡയുടെ അനുമാനം.

നോക്കറാസ്സറിലെ മകന്റെ വീട്ടിലെത്തിയ വൃദ്ധയെ വളര്‍ത്തുനായകള്‍ കടിച്ചുകീറി ക്കൊല്ലുകയായിരുന്നു. മകനും കുടുംബവും സ്ഥലത്തില്ലെന്ന് അറിയാതെ എത്തിയ വൃദ്ധയെ മകന്റെ ബുള്‍മാസ്റ്റിഫ് നായകളാണ് ആക്രമിച്ചത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.തെരേസ മക് ഡോനാഹ് (64) ആണ് മരിച്ചത്. മകന്‍ മാര്‍ടിനും ഭാര്യയും കുട്ടികളും താമസിക്കുന്ന വീട്ടില്‍ തെരേസ അവരെ കാണാനായി വീട്ടിലെത്തിയപ്പോള്‍ അവരാരും അവിടെയുണ്ടായിരുന്നില്ല. ഇതറിയാതെ ഗേറ്റ് തുറന്ന് പുറകുവശത്തെ കതകില്‍ മുട്ടാന്‍ ശ്രമിക്കുന്നതിനിടെ നായകള്‍ വളയുകയായിരുന്നു.രണ്ടു നായ്ക്കളും ചേര്‍ന്ന് വൃദ്ധയുടെ ശരീരമാസകലം കടിച്ചു കീറി.

ബഹളം കേട്ടെത്തിയ അയല്‍വാസി നായകളെ വെടിവെച്ചുകൊന്നു.തുടര്‍ന്ന് തെരേസയെ ആശുപത്രിയിലുമെത്തിച്ചു.

വീടിന്റെ പുറകില്‍ പോയി കതകില്‍ തട്ടാന്‍ ശ്രമിച്ചപ്പോള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയാണെന്നു കരുതിയാണ് നായകള്‍ ആക്രമിച്ചതെന്ന് അയല്‍വാസി പറഞ്ഞു.അതിദാരുണമായിപ്പോയി ആ അമ്മയുടെ അന്ത്യം.

വൃദ്ധയ്ക്കും ഒരു പട്ടിക്കുട്ടിയുണ്ടായിരുന്നു. ഇടയ്ക്കൊക്കെ ഈ പരിസരത്ത് അതുമായി നടക്കാറുമുണ്ടായിരുന്നു.സംഭവദിവസം പട്ടിക്കുട്ടിയെ കൂട്ടാതെയാണ് അവരെത്തിയത്.

ഗുരുതരമായി മുറിവേറ്റ തെരേസ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.ഗോള്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തു.

ബുള്‍മാസ്റ്റിഫ് നായകള്‍ അക്രമകാരികളായതിനാല്‍ പൊതു സ്ഥലത്ത് വിടുന്നതിന് നിരോധനമുണ്ട്. എന്നാല്‍ ഇത് സംഭവിച്ചത് സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്താണ്.മകനും കുടുംബവും കൂട്ടില്‍ അടച്ചിരുന്ന ഈ പട്ടികള്‍ എങ്ങനെയാണ് പുറത്തുവന്നതെന്ന് അറിവായിട്ടില്ല.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *