അമേരിക്കന്‍ മോഡല്‍ പ്രതിഷേധത്തെ ഭയം; ഐറിഷ്  ദേശിയഗാനത്തെ സംരക്ഷിക്കാന്‍ എന്തുചെയ്യും? 

ഡബ്ലിന്‍: ഐറിഷ് ദേശിയ ഗാനത്തിന്റെ ഉപയോഗം സംബന്ധിച്ച് നിയമനിര്‍മാണത്തിന് ഐറിഷ് അമേരിക്കന്‍ ജനതയില്‍നിന്ന് സെനറ്റര്‍ മാര്‍ക്ക് ഡാലി അഭിപ്രായങ്ങള്‍ ക്ഷണിച്ചു. അമേരിക്കയില്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗിനോടനുബന്ധിച്ച് നടന്ന ദേശീയഗാന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ഐറിഷ് ദേശീയഗാനം സംബന്ധിച്ച് കൃത്യമായ നിയമനിര്‍മാണത്തിന് തയാറെടുക്കുന്നത്. ഐറിഷ് ദേശീയഗാനത്തിന്റെ പകര്‍പ്പവകാശം അവസാനിച്ചിട്ട് അഞ്ചുവര്‍ഷമായ പശ്ചാത്തലവും കണക്കിലെടുത്താണീ നീക്കം.

സോള്‍ജേഴ്‌സ് സോങ് എന്നറിയപ്പെടുന്ന ദേശീയഗാനം എപ്പോഴൊക്കെ പാടണം, ബഹുമാനം പ്രകടിപ്പിക്കേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങളിലാണ് അഭിപ്രായം അറിയിക്കേണ്ടത്. ദേശീയ ചടങ്ങുകളിലും വ്യക്തികളെ അനുസ്മരിക്കുമ്പോഴുമാണ് നിലവില്‍ ദേശീയഗാനം ആലപിക്കുന്നത്. 2012ല്‍ ദേശീയഗാനത്തിന്റെ വരികള്‍ക്കും സംഗീതത്തിനും ഇംഗ്ലിഷ്, ഐറിഷ് ഭാഷകളിലുള്ള പകര്‍പ്പവകാശം അവസാനിച്ചു. ഈ സാഹചര്യത്തില്‍ ആളുകള്‍ ഇതിനെ ദുരുപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ നിയമനിര്‍മാണം നടത്തി ദേശീയഗാനത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം.

അമേരിക്കിയിലെ വര്‍ണ വിവേചനത്തിലും കറുത്തവര്‍ഗക്കാരോടുള്ള പൊലീസ് ക്രൂരതകളിലും പ്രതിഷേധിക്കാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ മത്സരത്തിനു മുന്‍പ് ദേശീയഗാനം മുട്ടില്‍നിന്ന് ആലപിച്ചിരുന്നു. എന്‍എഫ്എല്‍ മത്സരങ്ങള്‍ക്കിടെയുണ്ടായ പ്രക്ഷോഭം കോളജ് മത്സരങ്ങൡും ലീഗ് മാച്ചുകളിലും ആവര്‍ത്തിച്ചു. അത്തരമൊരു പ്രതിഷേധം അയര്‍ലണ്ടിലുമുണ്ടായാല്‍ എന്തുചെയ്യും എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ അടുത്തയിടെ സജീവമായിരുന്നു.

അമേരിക്കന്‍ പൊലീസിന്റെ ക്രൂരതയ്ക്കിരയായി 2016ല്‍ 1093 പേരാണ് മരിച്ചത്. ഇവരില്‍ നാലില്‍ ഒന്നും ജനസംഖ്യയുടെ 12% മാത്രമുള്ള കറുത്തവര്‍ഗക്കാരായിരുന്നു. മുട്ടില്‍നിന്നുള്ള പ്രതിഷേധത്തിനെതിരെ വലതുപക്ഷക്കാരനായ ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ദേശീയഗാനത്തെ ബഹുമാനിക്കാത്തവരെ കളിക്കാന്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഐറിഷ് ദേശീയഗാനം കാലഹരണപ്പെട്ടുവെന്ന രീതിയിലുള്ള പ്രചാരണം അടുത്തയിടെ സജീവമായിരുന്നു. ദേശീയഗാനം പാടുമ്പോള്‍ വലിയ ചിട്ടകളൊന്നും നിലവിലില്ല. ദേശീയപതാകയുണ്ടെങ്കില്‍ അതിന് അഭിമുഖമായിനിന്നുവേണം പാടാന്‍ എന്നാണ് നിബന്ധന.

എഴുത്തുകാരന്‍ മരിച്ച് 70 വര്‍ഷം കഴിഞ്ഞാല്‍ അവസാനിക്കുന്നതാണ് അയര്‍ലണ്ടിലെ പകര്‍പ്പവകാശം. ഐറിഷ് ദേശീയഗാനമായ സോള്‍ജര്‍ സോങ് എഴുതിയ പീഡാര്‍ കീണി മരിച്ചിട്ട് 2012ല്‍ എഴുപതുവര്‍ഷമായി. പകര്‍പ്പവകാശം ഇല്ലാതായ സാഹചര്യത്തില്‍ ദേശീയഗാനത്തെ സംരക്ഷിക്കാന്‍ നിയമനിര്‍മാണം ആവശ്യമുണ്ടോ, ദേശീയഗാനത്തെ ദുരുപയോഗിച്ചാല്‍ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങളിലാണ് അഭിപ്രായം തേടിയിട്ടുള്ളത്

Comments

comments

Leave a Reply

Your email address will not be published. Required fields are marked *