ഡബ്ലിന്‍ :ആരോഗ്യമേഖലയില്‍ എച്ച്എസ്ഇക്ക് പകരം സംവിധാനം കൊണ്ടുവരുന്നതടക്കം സമൂലമാറ്റവുമായി ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്. എച്ച്എസ്ഇക്ക് പകരം കൂടുതല്‍ കാര്യക്ഷമമായ സംവിധാനം കൊണ്ടുവരാനാണ് തന്റെ തീരുമാനമെന്ന് മന്ത്രി ഹാരിസ് പാര്‍ലമെന്റ് കമ്മറ്റിക്ക് മുമ്പില്‍ വ്യക്തമാക്കി. അതേസമയം എച്ച്എസ്ഇയെ പിരിച്ചുവിടുന്നതിനു മുമ്പ് ആരോഗ്യമേഖലയെ ശക്തമാക്കാനായി എച്ച്എസ്ഇക്കുള്ളില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നും, എച്ച്എസ്ഇക്ക് പകരം സംവിധാനം നിലവില്‍ വരാന്‍ സമയമെടുക്കുമെന്നും ഹാരിസ് പറഞ്ഞു.
ആരോഗ്യമേഖലയെ നവീകരിക്കുന്നതിനായി എട്ട് നിര്‍ദ്ദേശങ്ങളാണ് മന്ത്രി പ്രധാനമായി മുന്നോട്ടുവച്ചിരിക്കുന്നത്.സ്വകാര്യ മേഖലയിലും,കമ്മ്യൂണിറ്റി അടിസ്ഥാനത്തിലും കൂടുതല്‍ ആരോഗ്യകേന്ദ്രങ്ങള്‍ ആരംഭിക്കുക,ഡോക്റ്റര്‍മാര്‍ക്ക് പ്രൈവറ്റ് പ്രാക്റ്റീസ് ചെയ്യാനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുക,പ്രാഥമിക തലങ്ങളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയടക്കമുള്ള നിര്‍ദേശങ്ങളാണ് ഇവ.എച്ച് എസ് ഇ യുടെ നിലവിലുള്ള ഘടനയെ വിഭജിച്ചതാവും പുതിയ സംവിധാനങ്ങള്‍ക്ക് ചുമതല നല്‍കുക.
അതേസമയം റിക്രൂട്ട്മെന്റ് പ്രതിസന്ധി പരിഹരിക്കുന്നതിനെപ്പറ്റി മന്ത്രി യാതൊന്നും പറഞ്ഞില്ലെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഐഎംഒ) വിമര്‍ശനമുന്നയിച്ചു. ആവശ്യത്തിന് ജോലിക്കാരെ ലഭിക്കാത്തതാണ് മേഖലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നു പറഞ്ഞ ഐഎംഒ ചെയര്‍മാന്‍ പെഡാര്‍ ഗില്ലിഗന്‍, ഇതിനായി കൂടുതല്‍ തുക വകയിരുത്തേണ്ടതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍ ഹാരിസിന്റെ മിക്ക പദ്ധതികളെയും പിന്തുണയ്ക്കുന്നതായി തൊഴിലാളി സംഘടനയായ ഇംപാക്ട് വ്യക്തമാക്കി















