കാനഡയിലെ പ്രൈഡ് പരേഡില്‍ ശ്രദ്ധനേടി ലിയോ വരദ്കറും പാര്‍ട്ണറും

ഡബ്ലിന്‍:മോണ്ട്രിയാല്‍ പ്രൈഡ് പരേഡില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യുവിനൊപ്പം അയര്‍ലണ്ട് പ്രധാനമന്ത്രി ലിയോ വരദ്കറും പാര്‍ട്ണര്‍ ഡോ.മാറ്റ് ബാരറ്റും പങ്കെടുത്തത് പുതുമയായി.

പതിനായിരക്കണക്കിനാളുകള്‍ നിരന്ന മാര്‍ച്ചില്‍ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക താര പരിവേഷമൊന്നുമില്ലാതെയാണ് ഇരു രാജ്യങ്ങളുടെയും അധിപന്മാര്‍ നഗരവീഥിയിലെത്തിയത്. വ്യാപാരസംബന്ധമായ ചര്‍ച്ചകള്‍ക്കായി ഇരുവരും നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് പരേഡിനു വേണ്ടി രണ്ടു പേരും ഒന്നു ‘ഫ്രീ’ ആവുകയായിരുന്നു!

പിന്നീട് ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലിയോ വരദ്കര്‍ വൈജാത്യത്തിനായി കൂടുതല്‍ ചെയ്യേണ്ടതുണ്ടെന്നു അഭിപ്രായപ്പെട്ടു.ലൈംഗികാരോഗ്യം സംബന്ധിച്ച് കൂടുതല്‍ മുന്നേറേണ്ട ആവശ്യമുണ്ട്.നാട്ടിലായാലും അന്താരാഷ്ട്രതലത്തിലായാലും അതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും വരദ്കര്‍ പറഞ്ഞു.

തുല്യതയും അതിനുള്ള അവകാശങ്ങളും പിന്നോട്ടടിക്കപ്പെടുന്ന ലോകത്തിന്റെ മറ്റു ഭാഗത്തുള്ളവരോട് വൈവിധ്യമായ തുറന്ന സമീപനവും പുരോഗമന ചിന്തയുമുള്ള അയര്‍ലണ്ടിനും കാനഡയ്ക്കും ഒരു ഉത്തരവാദിത്വമുണ്ട്.യഥാര്‍ഥത്തിലുള്ള ഭീഷണിക്കും അപകടങ്ങള്‍ക്കുമെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും വരദ്കര്‍ പറഞ്ഞു.

ഇരുപ്രധാനമന്ത്രിമാര്‍ക്കുമൊപ്പം നിറഞ്ഞ ചിരിയോടെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു മുന്നേറിയ ഡോ. ബാരറ്റിനും ഹൃദ്യമായ വരവേല്‍പ്പാണ് ആളുകള്‍ നല്‍കിയതത്രെ!

Comments

comments

Leave a Reply

Your email address will not be published. Required fields are marked *