അയര്‍ലണ്ടിലെ ഷെയറിങ് കെയറിന് ചാരിറ്റി പദവി ലഭിച്ചു,ഇത് നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളി സംഘടന 

കോര്‍ക്ക്: 2009 മുതല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന ‘ഷെയറിങ് കെയര്‍’ (Sharing Care) എന്ന ജീവകാരുണ്യ സംഘടനയ്ക്കു രാജ്യത്തെ ജീവകാരുണ്യ സംഘടനകളെ നിയന്ത്രിക്കുന്ന ചാരിറ്റീസ് റെഗുലേറ്ററിന്റെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചു. അയര്‍ലണ്ടില്‍ എല്ലാ ചാരിറ്റി സംഘടനകളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നതു നിയമപരമായ നിബന്ധനയാണ്.പൂര്‍ണ്ണമായി അംഗീകാരം കിട്ടുന്ന ഇന്ത്യന്‍ പ്രവാസികളുടെ നേതൃത്വത്തിലുള്ള ആദ്യത്തെ ചാരിറ്റി സംഘടനയാണ് ഷെയറിങ് കെയര്‍.

അയര്‍ലണ്ടില്‍ കുടിയേറിയ പ്രവാസിഇന്ത്യക്കാരുടെ നേതൃത്വത്തിലാണ് ലാഭേച്ഛയില്ലാതെ, ജീവകാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുകയെന്ന ഉത്തമ ലക്ഷ്യത്തോടെ ഷെയറിങ് കെയര്‍ എന്ന സംഘടന രൂപം കൊള്ളുന്നത്. പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍ സുതാര്യവും ഉത്തരവാദിത്വപൂര്‍ണ്ണവുമായി പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമായിട്ട് ഇത് കണക്കാക്കുന്നുവെന്നും, അങ്ങനെ നേടിയെടുത്ത ജനവിശ്വാസ്യത തുടര്‍ന്നും നിലനിര്‍ത്താന്‍ ഷെയറിങ് കെയര്‍ ബാധ്യസ്ഥമാണെന്നും ചെയര്‍മാന്‍ ജോബി ജോസ് പ്രതികരിച്ചു. പ്രവാസികള്‍ എന്ന നിലയില്‍ അയര്‍ലണ്ടില്‍ ജീവിക്കുമ്പോള്‍ ഇവിടെയും, നാട്ടിലുമുള്ള പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി രൂപം കൊടുത്ത സംഘടന സ്ഥാപിതലക്ഷ്യത്തില്‍ മുന്നേറുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നു സ്ഥാപിത അംഗങ്ങളില്‍ ഒരാളായ ദേവസ്യ ചെറിയാന്‍ (സാജന്‍) അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ ജീവിതത്തിനും പുരോഗതിയ്ക്കും അടിസ്ഥാനപരമായി വേണ്ട ആരോഗ്യം, വിദ്യാഭ്യാസം എന്നി മേഖലകളിലാണ് ഷെയറിങ് കെയര്‍ ഊന്നല്‍ കൊടുക്കുന്നത്. ഇന്ത്യയിലും അയര്‍ണ്ടിലും ഈ മേഖലകളില്‍ തങ്ങളെക്കൊണ്ടാവുന്ന സഹായം ദരിദ്രരായവരില്‍ എത്തിക്കാന്‍ സംഘടന ശ്രദ്ധിക്കുന്നു. 2011 മുതല്‍ നടപ്പിലാക്കിവരുന്ന വിദ്യാര്‍ത്ഥി സഹായ പദ്ധതിയുടെ രണ്ടാം ഘട്ടമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാലിയം ഇന്ത്യ (Pallium India) എന്ന സംഘടനയുമായി ചേര്‍ന്നു അന്‍പതു കുട്ടികള്‍ക്ക് കൂടി സഹായം എത്തിച്ചു. നിലവില്‍ പാലിയേറ്റിവ് കെയറിലുള്ളവരുടെയും അല്ലെങ്കില്‍ അതേ പോലെയുള്ള അസുഖം ബാധിച്ചു മരിച്ചുപോയവരുടെയും നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു സഹായിക്കുകയാണ് രണ്ടാം ഘട്ടപദ്ധതിയിലൂടെ ഷെയറിങ് കെയര്‍ ചെയ്തത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ പാലക്കാടുള്ള പൂഞ്ചോല സ്‌കൂളിലെ നാല്‍പതു കുട്ടികള്‍ക്ക് സഹായം ഓണത്തിന് വിതരണം ചെയ്തിരുന്നു.

ഷെയറിങ് കെയറിനു ഇന്നുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന, സാമ്പത്തികമായും അല്ലാതെയുമുള്ള എല്ലാ സഹായസഹകരണങ്ങള്‍ക്കും അയര്‍ലണ്ടിലെ ജനങ്ങളോടും പ്രത്യേകിച്ച് ഇവിടെയുള്ള മലയാളികളായ സുഹൃത്തുക്കളോടും മറ്റ് അഭ്യുദയകാംക്ഷികളോടുമുള്ള നന്ദി പ്രകാശിപ്പിക്കുന്നതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അതുപോലെതന്നെ, ഷെയറിങ് കെയറിനോടൊപ്പം ചേര്‍ന്നു, പാവങ്ങളെ സഹായിക്കാന്‍ അയര്‍ലണ്ടിലെ എല്ലാ മലയാളികളുടെയും, പ്രവാസിസംഘടനകളുടെയും പ്രത്യേകിച്ച് ചെറുതും വലുതുമായ സംരംഭങ്ങള്‍ നടത്തുന്ന എല്ലാവരുടെയും സഹകരണവും സഹായവും തുടര്‍ന്നും ഉണ്ടാവണമെന്ന് ട്രെഷറര്‍ ജിജോ പെരേപ്പാടന്‍ അഭ്യര്‍ത്ഥിച്ചു. ഭാവിയില്‍ സംഘടനയുമായി ചേര്‍ന്ന് പരിപാടികളുടെ നടത്തിപ്പിനും, ധനസമാഹരണത്തിനുമൊക്കെയായി സന്നദ്ധസേവനത്തിനു തയ്യാറായിട്ടുള്ള അയര്‍ലണ്ടില്‍ സ്ഥിരതാമസമായിട്ടുള്ളവരെ ക്ഷണിക്കുന്നതയായും ,താല്‍പര്യമുള്ളവര്‍ sharingcare@live.ie എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്നു സെക്രട്ടറി ബിനു തോമസ് അറിയിച്ചു.

നിരാലംബരും നിരാശ്രയരുമായ മനുഷ്യരുടെ ജീവിതത്തില്‍ നന്മയുണ്ടാകാനായുള്ള യജ്ഞത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ ഏവരും സഹകരിക്കണമെന്ന് ഷെയറിങ് കെയര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

വാര്‍ത്ത:വി രാജന്‍ കോര്‍ക്ക് 

Comments

comments

Leave a Reply

Your email address will not be published. Required fields are marked *