പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ് അസീസിയാണ് ക്രിസ്മസ് വിളക്കുകളുടെ പിതാവ് എന്നാണ് പൊതുവെയുള്ള ധാരണ.എന്നാല്‍ ക്രിസ്മസ് വിളക്കുകളുടെ ഉത്ഭവം അയര്‍ലണ്ടില്‍ നിന്നാണ് എന്നൊരു വാദവുമുണ്ട്.
അയര്‍ലണ്ടിലെ ഗ്രാമപ്രദേശങ്ങളില്‍ മാത്രമേ ഇപ്പോള്‍ ക്രിസ്മസ് വിളക്കുകളുടെ സാന്നിധ്യം കാണാനുള്ളൂ.ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നെല്ലാം ജനങ്ങള്‍ ഗ്രാമങ്ങളിലെ ക്രിസ്മസ് ആഘോഷിക്കാന്‍ പോകുക പതിവാണ്.ജന്മനാടിന്റെയും ഇടവക ദേവാലയത്തിന്റെയും മധുരമുള്ള ഓര്‍മ്മകള്‍ കാത്തിരിക്കുന്ന പ്രായം ചെന്നവര്‍ക്ക് അത് കൊണ്ട് തന്നെ ക്രിസ്മസ് ഒരു പുണ്യദിനമാണ്.ക്രിസ്മസ് തലേന്ന് അപ്പാര്‍ട്ട്‌മെന്റുകളുടെയും,നഴ്സിംഗ് ഹോമുകളുടെയും പ്രവേശന റൂമുകളില്‍ ബന്ധുക്കള്‍ വരുന്നതും കാത്ത് വഴിയിലേക്ക് കണ്ണും നട്ടു കാത്തിരിക്കുന്ന വൃദ്ധമാതാപിതാക്കള്‍ ആ ഒരു ദിവസത്തിന് വേണ്ടിയാണ് കഴിഞ്ഞ ഒരു വര്ഷം മുഴുവന്‍ കാത്തിരുന്നത് എന്ന് തോന്നും അവരുടെ സന്തോഷം കാണുമ്പോള്‍.
അയര്‍ലണ്ടിലെ ഗ്രാമങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ക്രിസ്മസ് വാരത്തിലെ രാത്രികളില്‍ പ്രാര്‍ഥിക്കുമ്പോള്‍ കുടുംബനാഥന്‍ ക്രിസ്മസ് വിളക്കു കത്തിച്ച് എല്ലാവരും കാണ്‍കെ വീടിനു മുന്നിലെ ക്രിസ്മസ് ട്രീയില്‍ തൂക്കിയിടാറുണ്ട്. ഈ അനുഷ്ഠാനത്തിനു പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ടത്രേ. കത്തോലിക്കാ സഭയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന കാലത്തു ഒളിവില്‍ കഴിഞ്ഞ വൈദികര്‍ അതീവ രഹസ്യമായാണ് ഇടവകകളിലെ വിശ്വാസികളെ സന്ദര്‍ശിച്ചിരുന്നത്.
ആ വെളിച്ചം കണ്ടുകൊണ്ടായിരിക്കും വൈദികര്‍ രഹസ്യമായി ആ ഭവനത്തില്‍ കടന്നുവരുന്നത്. ഇവിടെനിന്നു പ്രചരിച്ചതായിരിക്കണം ഇന്നത്തെ ക്രിസ്മസ് വിളക്കുകള്‍ എന്നു കരുതുന്നവരും വളരെയാണ്. അയര്‍ലണ്ടില്‍ പാതിരാ കുര്‍ബാനക്കുശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ക്രിസ്മസ് വിളക്കിനു ചുറ്റുമിരുന്ന് മംഗളഗാനങ്ങള്‍ പാടുകയും ചെയ്യുന്ന പതിവ് ഇന്നും തുടര്‍ന്നു വരുന്നു.















